20 August, 2024 12:36:30 PM
മങ്കി പോക്സ് വ്യാപിക്കുന്നു; ഇന്ത്യയിലും ജാഗ്രത, വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പരിശോധന
ന്യൂഡല്‍ഹി: ആഗോള തലത്തിൽ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ നടപടിയുമായി അധികൃതർ. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംപോക്സ് രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ഡല്‍ഹിയിൽ മൂന്ന് സർക്കാർ ആശുപത്രികൾ തെരഞ്ഞെടുത്തു. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് തെരഞ്ഞെടുത്തത്. എംപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻ്ററുകളായി നിയോഗിക്കുകയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന രാജ്യത്തിൻ്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ യോഗം ചേർന്നു. നിലവിൽ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. രോഗം നേരത്തേ കണ്ടെത്തുന്നതിന് പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിൽ എംപോക്സ് പരിശോധിക്കാൻ സൗകര്യമുണ്ട്. 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.