25 August, 2024 10:57:53 AM
കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ ഇന്ന് കേരളത്തിലെത്തിക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ ഇന്ന് കേരളത്തിലെത്തിക്കും. കേരള എക്സ്പ്രസ്സ് ട്രെയിനിൽ പുറപ്പെട്ട സംഘം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തും. ശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റും. തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിക്ക് വേണ്ടി പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിക്ക് അസമിലെ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം കഴിയാനാണ് താല്പര്യമെന്ന് നേരത്തെ അറിയിച്ച സാഹചര്യത്തിൽ കുട്ടിയുടെ അഭിപ്രായം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാകും ആർക്കൊപ്പം വിടണമെന്ന് തീരുമാനമെടുക്കുക. അതേസമയം സംഭവത്തില്‍ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്മേൽ എഫ്ഐആർ തയ്യാറാക്കിയിരുന്നു. രക്ഷിതാവിൽ നിന്നും നേരിട്ട മർദ്ദനത്തെ തുടർന്നാണ് കുട്ടി വീട് വിട്ടു പോയതെന്ന് റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസലിംഗ് നൽകും.
അസം സ്വദേശിയായ പതിമൂന്നുകാരിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഈ മാസം 20 ന് രാവിലെ 10 മണി മുതലാണ് കാണാതായത്. ഒരു മാസം മുമ്പാണ് കുട്ടിയുടെ കുടുംബം കേരളത്തില്‍ എത്തിയത്. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 37 മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ശേഷം തന്നെ മാതാപിതാക്കൾ മർദ്ദിച്ചത് കൊണ്ടാണ് വീടുവിട്ടിറങ്ങിയതെന്നും തനിക്ക് അസമിലെ മുത്തശ്ശിക്കും മുത്തശ്ശനും കഴിയാനാണ് താൽപര്യമെന്നും പെൺകുട്ടി കേരള പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മറ്റി പ്രതിനിധികളെയും അറിയിച്ചിരുന്നു.