13 January, 2024 09:53:37 AM


തൊടിയൂരില്‍ മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച കേസ്; 2 പേർ കസ്റ്റഡിയിൽ



കൊല്ലം: മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ.

മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ദാമ്പത്യ പ്രശ്നത്തിൽ മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മര്‍ദ്ദനമേറ്റ് പരിക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചു. 

സംഭവത്തിൽ ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. സംഘ‍ര്‍ഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.

സലിം മണ്ണേലിന്‍റെ മരണത്തെ തുടർന്ന് കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഹർത്താൽ . രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K