27 January, 2024 07:11:05 PM


വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു



കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെയും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെയും പ്രവർത്തനം ആരംഭിച്ചു. മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷും നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും വലിയ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നതെന്ന് കെ.വി. ബിന്ദു പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  മാമോഗ്രം യൂണിറ്റ് ആരംഭിച്ചത്. ഒരു കോടി 32 ലക്ഷം രൂപയാണ്  പദ്ധതിക്കായി ചെലവാക്കിയിത്. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മാമോഗ്രാം യൂണിന്റെയും അൾട്രാസൗണ്ട് സ്‌കാനിങ് യൂണിറ്റിന്റെയും പ്രവർത്തന സമയം.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ഷാജി, നഗരസഭാംഗങ്ങളായ രേണുക രതീഷ്, രാധിക ശ്യാം, ഡി.എം.ഒ. ഇൻ ചാർജ് ഡോ. വിദ്യാധരൻ, ഡി.പി.എം. ഇൻ ചാർജ് ഡോ.എസ്. ശ്രീകുമാർ, സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ഡി. ബാബുരാജ്, ബെപ്പിച്ചൻ തുരുത്തിയിൽ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K