30 January, 2024 07:24:48 PM
പാലായില്‍ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ
പാലാ : കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇളനാട് ഭാഗത്ത് വാഴക്കാലായിൽ വീട്ടിൽ സിജോ തോമസ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ഹെൽമെറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവാക്കൾ കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്ണ് ഇവർ യുവാക്കളെ ആക്രമിച്ചത്.
പരാതി തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭരണങ്ങാനം സ്വദേശികളായ ബിനീഷ്, അനൂപ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സിജോ തോമസിനെകൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ ന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയാളെ റിമാൻഡ് ചെയ്തു.