06 December, 2023 08:21:45 AM


കനകക്കുന്നിലെ അമ്പിളിമാമനെ കാണാൻ തിരുവനന്തപുരം ഒഴുകിയെത്തി

കനകക്കുന്നിൽ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിലാണ് 'മ്യൂസിയം ഓഫ് ദ് മൂൺ' ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്



തിരുവനന്തപുരം: ചന്ദ്രനെ ആവിഷ്ക്കരിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റലേഷനായ 'മ്യൂസിയം ഓഫ് ദ മൂണ്‍' തിരുവനന്തപുരം കനകക്കുന്നില്‍ സ്ഥാപിച്ച് ആര്‍ട്ടിസ്റ്റ് ലൂക് ജെറം. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി വരെ ഇന്‍സ്റ്റലേഷന്‍ കാണാൻ കഴിയും. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായാണ് 'മ്യൂസിയം ഓഫ് ദ മൂണ്‍' ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ സൃഷ്ടിച്ചത്. ചിത്രങ്ങൾ കോർത്തിണക്കിന് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയന്‍സ് സെന്ററിലാണ്.

ലൂക് ജെറം ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത് 2016ലാണ്. ഏകദേശം 20 വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവിലാണ് ഈ ഇൻസ്റ്റലേഷൻ ലൂക് ജെറം യാഥാർഥ്യമാക്കിയത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റലേഷൻ കാണാനായി നൂറുകണക്കിന് ആളുകളാണ് ചൊവ്വാഴ്ച രാത്രി കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K