08 February, 2024 12:13:55 PM


കേന്ദ്രം കേര‍ളത്തോട് വിവേചനം കാണിക്കുന്നു- മല്ലികാർജുൻ ഖാർഗെ



ന്യൂഡൽഹി: കേന്ദ്രം കേര‍ളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുകയാണ്. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നമെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. 

കേരളത്തിന്‍റെ സമരം ന്യായമെന്നും ഖാര്‍ഗെ പ്രതികരിച്ചു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ അവകാശത്തിനൊപ്പം കൈകോര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്ല. കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിയിലുണ്ട് ഇരട്ടത്താപ്പ്.

ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന കേരള പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം. കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്‍റെ ശ്രമം. കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്‍റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K