07 December, 2023 11:11:13 AM
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടേക്കും
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടേക്കും. പ്രൊഡക്‌ഷൻ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അപ്പോള്‍തന്നെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും.
കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പരമാവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ, ഇയാള്‍ക്ക് ഇടപാടുകളുള്ള ബാങ്കുകളില്‍നിന്നും മറ്റ് സ്ഥാപനങ്ങളില്‍നിന്നും ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.
പരവൂര്‍, ചാത്തന്നൂര്‍ മേഖലകളിലായിരുന്നു പരിശോധനയും വിവര ശേഖരണവും നടന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ശേഖരിച്ചു കഴിഞ്ഞു. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും എത്ര ഫോണുകള്‍ ഉണ്ട്, വേറേ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യങ്ങളും പരിശോധിച്ചു വരികയാണ്.
കുട്ടിക്ക് ഉറക്കഗുളിക നല്‍കിയതാര്, കുട്ടിയുടെ സ്കൂള്‍ ബാഗ് എവിടെ, സഹോദരന് കൈമാറാൻ സംഘം കരുതിയ കുറിപ്പിന് എന്തു സംഭവിച്ചു എന്നിവയ്ക്ക് ഇവിടത്തെ തെളിവെടുപ്പില്‍നിന്ന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
തട്ടിക്കൊണ്ടുപോയ കാറില്‍ മൂന്നുപേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വീട്ടില്‍ ഇവരെ കൂടാതെ വേറെയും ചിലര്‍ ഉണ്ടായിരുന്നതായും അവരെ കൃത്യമായി ഓര്‍ക്കാൻ കഴിയുന്നില്ലന്നും കുട്ടിയുടെ മൊഴിയുണ്ട്. ഇക്കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്