07 December, 2023 12:07:53 PM
യുവ ഡോക്ടറുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് ഇ.എ.റുവൈസ് അറസ്റ്റില്‍
തിരുവനന്തപുരം: യുവ ഡോക്‌ടറുടെ ആത്മഹത്യയിൽ സുഹൃത്ത് ഇ.എ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം പൊലിസ് കസ്റ്റഡിയിലെടുത്തത്.
ചോദിച്ച സ്ത്രീധനം ലഭിക്കാത്തതിന്‍റെ പേരിൽ യുവ ഡോക്ടർ ഷഹനയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുകയും, അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തതിനാണ് ആൺസുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഷഹന റുവൈസുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസ് ആവശ്യപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎംഡബ്ല്യൂ കാറും, 150 പവനും, 15 ഏക്കര്‍ ഭൂമിയുമായിരുന്നു അവരുടെ ആവശ്യം. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു റുവൈസ് പിന്മാറിയെന്നും ഇതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് കൊല്ലത്ത് നിന്നും പ്രതി റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിലെത്തിയാണ് പൊലിസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും, സ്ത്രീധന നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോ ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെ ഡോ റുവൈസിനെ പി ജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി.
ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.