14 February, 2024 02:51:11 PM


ആലുവയിൽ 7 വയസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിന്‍റെ ഉടമസ്ഥയും ബന്ധുവും കസ്റ്റഡിയില്‍



കൊച്ചി: ആലുവയിൽ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാറും ഉടമസ്ഥയും പൊലീസ് കസ്റ്റഡിയില്‍. ആലുവ സ്വദേശി രജനി, ഇവരുടെ ബന്ധു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്.

ഇന്നലെ രാവിലെ ആലുവ കുട്ടമശേരി റോഡിലുണ്ടായ അപകടത്തില്‍ പൊലീസ് അലംഭാവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടും വാഹനം കണ്ടെത്താൻ നടപടി സ്വീകരിക്കാതെ ഇൻസ്പെക്ടര്‍ക്ക് രേഖാമൂലം പരാതി നൽകാനാണ് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. അലംഭാവം വാർത്തയായതോടെ ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കാര്‍ കണ്ടെത്തിയത്. പിന്നാലെ ഉടമസ്ഥയായ രജനിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് ബന്ധുവാണ് കാര്‍ ഓടിച്ചതെന്ന് ഇവര്‍ പറഞ്ഞത് പ്രകാരം ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കുട്ടി കാറിനടയില്‍പെട്ടത് അറിഞ്ഞില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ അച്ഛൻ പ്രജിത്ത് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്നാണ് ഏഴ് വയസുകാരൻ മകൻ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീണത്. ഉടൻ ഓട്ടോ നിർത്തി കുട്ടിയെ എടുക്കാൻ റോഡിലേക്ക് പാഞ്ഞപ്പോഴേക്കും പിന്നാലെയെത്തിയ കാർ ദേഹത്തുകൂടി കയറിയിറങ്ങി. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K