29 October, 2024 04:20:05 PM


തമിഴ്‌നാട്ടിലേക്ക് ചന്ദനം കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം വനം വകുപ്പിന്‍റെ പിടിയിൽ



ഇടുക്കി: തമിഴ്‌നാട്ടിലേക്ക് ചന്ദനം കടത്തുവാന്‍ ബസ് കാത്തു നിൽക്കുന്നതിനിടയിൽ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിൽ. രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി. പിടിയിലായവർ ചന്ദനം മുറിക്കൽ ജോലികളിൽ വിദഗ്ധരായവർ. കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ കെ.പഴനിസ്വാമി (48), വി.സുരേഷ് (39), പി. ഭഗവതി (48), റ്റി. രാമകൃഷ്ണന്‍ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. പ്രതികളെ പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. ചട്ട മൂന്നാര്‍ സ്വദേശി മുനിയാണ്ടി(35 ), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടിലെ ഉടുമലൈപ്പേട്ട ചന്ദനലോബിക്ക്  സ്ഥിരമായി ചന്ദനം എത്തിച്ചു നല്‍കുന്ന സംഘമാണ് പിടിയിലായത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറയൂര്‍ ഡി.എഫ്.ഒ പി.ജെ. സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറയൂര്‍ റേഞ്ച് ഓഫിസര്‍ അബ്ജു.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ചന്ദനത്തടികള്‍ 2024 സെപ്റ്റംബര്‍ 19 ന് മറയൂര്‍ പുളിക്കര വയല്‍ വെസ്റ്റഡ് ഫോറസ്റ്റ് മേഖലയില്‍ നിന്നും രണ്ടു മരം മുറിച്ച കടത്തിയതാണെന്ന് പ്രതികള്‍ മൊഴി നല്‍കി.

മറയൂര്‍ ഉടുമലൈപ്പേട്ട അന്തസംസ്ഥാന പാതയില്‍ കരിമൂട്ടി ചില്ലിയോട ഭാഗത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസില്‍ ചന്ദനം കടത്തികൊണ്ടു പോകുവാന്‍ കാത്തു നില്‍ക്കുമ്പോഴാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് വാച്ചര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത്. പ്രതികളില്‍ പഴനിസ്വാമി മുന്‍പും രണ്ടുചന്ദന കേസുകളിലെ പ്രതികളാണ്. ഭഗവതിയും സുരേഷും വനമേഖലയില്‍ നിന്നും ഉണങ്ങിയും മറിഞ്ഞു വീഴുന്നതുമായ ചന്ദനത്തടികള്‍ ശേഖരിക്കുന്നതിന് വനം വകുപ്പില്‍ ജോലി ചെയ്തിരുന്നവരാണ്. ചന്ദനം മുറിക്കുന്നതില്‍ വിദഗ്ധരായ ഇവരെ തമിഴ്‌നാട് അതിര്‍ത്തിയിലെ ചന്ദനലോബി ചന്ദനം കടത്തുന്നതിന് നിയോഗിക്കുകയായിരുന്നു. ഒരു കിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ അബ്ജു.കെ.അരുണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വി.ഷിബുകുമാര്‍, ശങ്കരന്‍ ഗിരി, ബീറ്റ് ഓഫിസര്‍മാരായ ബി.ആര്‍.രാഹുല്‍, അഖില്‍ അരവിന്ദ്, എസ്.പി. വിഷ്ണു, വിഷ്ണു.കെ.ചന്ദ്രന്‍, സജിമോന്‍, താത്ക്കാലിക വാച്ചര്‍മാര്‍ മുനിയാണ്ടി, പ്രദീപ് എന്നിവര്‍ നേതൃത്വം നല്കിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പ്രതികള്‍ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ഉള്ളതായി മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ അബ്ജു.കെ.അരുണ്‍ പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അദ്ദേഹം പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945