21 October, 2024 12:08:29 PM


മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; രണ്ട് പേര്‍ പിടിയില്‍



കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്യാഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡ്, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദേശവും അനുസരിച്ചു മാത്രമേ റെഡ് സോണില്‍ ഡ്രോണ്‍ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് ശിക്ഷാര്‍ഹമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K