06 November, 2024 01:13:13 PM
മദ്യപിച്ച് കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ വൈദികനെ രക്ഷിച്ച് പോലീസ് : കേസെടുക്കാൻ മനഃപൂർവം വൈകി
പെരുമ്പാവൂർ: പൊങ്ങാശ്ശേരി റോഡിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ വൈദികനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചുവെന്ന് ആരോപണം.
കിലോമീറ്ററുകളോളം അപകടാവസ്ഥയിൽ ഓടിച്ചു വന്ന കാർ ഇന്നലെ ഉച്ചക്ക് 1.45 ഓടെ വളയൻചിറങ്ങരയിൽ
ബൈക്ക് യാത്രക്കാരനെയും റോഡരികിലെ വൈദ്യുതി പോസ്റ്റും ഇടിച്ചു തെറിപ്പിച്ചിട്ടും കേസ് എടുക്കാൻ താമസം വരുത്തിയത് വൈദികനെ രക്ഷിക്കാൻ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും നാട്ടുകാരും പറയുന്നത്.
കാർ ഓടിച്ചത് കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയുടെ അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടർ ഫാ. ജോയ്സ് നന്ദികുന്നേലാണെന്ന് ആദ്യം സമ്മതിച്ച പോലീസ് ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത് റെക്സ് ജോ സോമൻ (22) എന്നയാൾക്കാണ് പരിക്കേറ്റതെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നുമാണ്. യഥാർത്ഥത്തിൽ വാഹനം ഓടിച്ചു പരിക്കേറ്റ വൈദികനെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ധൃതിപിടിച്ചു ഡിസ്ചാർജ് വാങ്ങി തെള്ളകം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. കാരിത്താസിൽ വിളിച്ചു വിവരം തിരക്കിയ മാധ്യമ പ്രവർത്തകരോട് വാഹനം ഓടിച്ചതും പരിക്കേറ്റതും ഫാ. ജോയ്സ് നന്ദികുന്നേൽ തന്നെയാണെന്ന് വ്യക്തമാക്കികൊണ്ടാണ് ആശുപത്രി ജീവനക്കാർ സംസാരിച്ചതും.
ഉച്ചക്ക് നടന്ന അപകടം സംഭവിച്ച വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പെരുമ്പാവൂർ കുറുപ്പുംപടി പോലീസ് വൈദികനെ വൈദ്യ പരിശോധനക്ക് വിധേയമാക്കാത്തത്തിലും കേസ് രജിസ്റ്റർ ചെയ്യാൻ അർദ്ധരാത്രി വരെ കാത്തിരുന്നതിലും എഫ് ഐ ആറിൽ ഡ്രൈവറുടെ പേര് റെക്സ് എന്ന് ചേർത്തതിലും ദുരൂഹത നിലനിൽക്കുകയാണ്.
അതേസമയം കാർ ഓടിച്ചിരുന്നത് കോട്ടയം തെളളകം കാരിത്താസ് ആശുപത്രിയിലെ വൈദികൻ തന്നെയായിരുന്നുവെന്നും ഇദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമുള്ള വാർത്തകൾ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വൈറലായി. അപകടകരമായ രീതിയിൽ ഓടിച്ച കാറിനെ പിന്തുടർന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. കാറിനുള്ളിൽ നിന്നും കിട്ടിയ വിദേശ മദ്യകുപ്പികളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മദ്യപിച്ചു ലക്ക് കെട്ട് അപകടമുണ്ടാക്കിയത് കാരിത്താസ് ഹോസ്പിറ്റലിലെ ജോയിസ് നന്ദികുന്നേലാണെന്ന് സ്ഥീരീകരിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷം സാധാരണ രീതിയിലുള്ള അപകടമായി മാത്രമാണ് പൊലീസ് കേസ് രേഖപ്പെടുത്തിയത്. അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനും മറ്റ് വഴിയാത്രക്കാരും തലനാരിഴക്കാണ് രക്ഷപെട്ടത്.
വൈദികന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താനൊരു കത്തോലിക്കാ വൈദികനാണെന്ന് അപകട സമയം ഇദ്ദേഹം പറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു.
വൈദികന് രക്ഷപെടാൻ കൂട്ടുനിന്ന പോലീസ് സാധാരണക്കാരുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.