07 December, 2023 12:47:13 PM
നിയമന തട്ടിപ്പിന് അരവിന്ദ് വെട്ടിക്കല്‍ ആന്‍റോ ആന്‍റണി എംപിയുടെ പേരുപയോഗിച്ചു
പത്തനംതിട്ട: ആരോഗ്യവകുപ്പിന്‍റെ പേരില്‍ നടത്തിയ നിയമന തട്ടിപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കല്‍ ആന്‍റോ ആന്‍റണി എംപിയുടെ പേരുപയോഗപ്പെടുത്തി. പത്തനംതിട്ട എം.പി ആന്റോ ആന്‍റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയില്‍ ജോലി എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൈയില്‍ പണം വാങ്ങുകയുമായിരുന്നു. അരവിന്ദ് വെട്ടിക്കലിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിനിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍നടപടികള്‍. തട്ടിപ്പിലായ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. വന്‍ സംഘമാണ് തട്ടിപ്പ് പിന്നിലുള്ളതായാണ് പോലീസിന്‍റെ സംശയം. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്തിയായിരിക്കും കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുക.
നിയമന തട്ടിപ്പില്‍ അരവിന്ദ് വെട്ടിക്കലിനെ ദേശീയ സെക്രട്ടറി പുഷ്പലത സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.