21 February, 2024 10:24:49 AM
തൊടുപുഴ ലോ കോളെജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി
ഇടുക്കി: തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളെജിൽ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥികൾ നടത്തിയിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കോളെജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു പരിഹാരം. വിദ്യാര്‍ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്.
ഇന്നലെ വൈകീട്ട് 4 മണിക്ക് തുടങ്ങിയ സമരം 7 മണിക്കൂറോളമാണ് നീണ്ടത്. പ്രിന്‍സിപ്പൽ രാജിവയ്ക്കുക, അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാർക്ക് റദ്ദാക്കുക, റാഗിംഗ് പരാതി പരിശോധിക്കുക, ഇതിനെതിരെ സമരം നടത്തിയ വിദ്യാർഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാലിതിൽ പ്രിന്‍സിപ്പൽ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്‍റ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാർഥികൾ സമരം അവസാനിപ്പിച്ചില്ല.
തുടർന്ന് ഡിവൈഎസ്പി മുതല്‍ തഹസില്‍ദാര്‍ വരെ എത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഒടുവിൽ രാത്രി 10 മണിയോടെ ഡീന്‍ കുര്യാക്കോസും സബ് കളക്ടർ അരുണ്‍ എസ് നായരുമെത്തി കുട്ടികളുമായി ചർച്ച നടത്തി. അതില്‍ കോളെജിന്‍റെ നിലവിലെ ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താമെന്ന് ഉറപ്പു നൽകി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ മാനേജുമെന്‍റും അധ്യാപകരും ചെയ്ത ക്രമക്കേടുകൾ അന്വേഷിക്കുമെന്ന ഉറപ്പിലാണ് കുട്ടികൾ പുലർച്ചെ ഒരുമണിക്ക് സമരം അവസാനിപ്പിച്ചത്.