23 February, 2024 03:17:22 PM
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് മികച്ച നേട്ടം
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 23 വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും 10 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ അഞ്ച് സീറ്റുകള്‍ മാത്രം ജയിച്ച സ്ഥാനത്താണ് ഇടതുമുന്നണി സീറ്റെണ്ണം ഇരട്ടിയാക്കിയത്.
14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്ത് സീറ്റിലേക്ക് ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് മൂന്നിടത്തേ ജയിക്കാനായൂള്ളു. 6 സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബി ജെ പിയിൽ നിന്ന് പിടിച്ചെടുത്തു.
നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യു ഡി എഫിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയിൽ ബി ജെ പിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബി ജെ പി പിടിച്ചെടുത്തത്.