24 February, 2024 11:22:00 AM


കുരച്ചത് ഇഷ്ടപ്പെട്ടില്ല; ബന്ധു വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു



ഇടുക്കി: ബന്ധു വീട്ടിലെ നായ കുരച്ചു ചാടിയതിന്റെ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സന്യാസിയോട സ്വദേശിയായ കളപ്പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം.

കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ എത്തിയ രാജേഷ് സഹോദരി ശാരിയുമായി വാക്കുതർക്കം ഉണ്ടാക്കി. തുടർന്ന് ശാരിയേയും പ്രായമായ സ്ത്രീയേയും മർദിച്ചു. വിട്ടുകാരെ മർദിയ്ക്കുന്നത് കണ്ടതോടെ, പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽ നിന്ന് പട്ടിയെ അഴിച്ച ശേഷം സമീപത്തെ പാറയിൽ അടിച്ചു കൊലപെടുത്തുകയായിരുന്നു.

പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു. രാജേഷ് മുൻപും പലതവണ, സ്വത്ത്‌ തർക്കത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ആരോപണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K