05 March, 2024 03:49:14 PM


തിരുവാഭരണം കാണാനില്ല; ക്ഷേത്രത്തിലെ പൂജാരി വിശ്രമ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ



കൊച്ചി: 12 പവനോളം വരുന്ന തിരുവാഭരണം കാണാതായതിന് പിന്നാലെ ക്ഷേത്ര മേൽശാന്തിയെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ ശ്രീഹരിയെന്ന കെ എസ് സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മുറിയുടെ മുകളിൽ സ്ഥാപിച്ച പൈപ്പിലാണ് ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയായ സാബു നാലരവർഷം മുമ്പാണ് പുതുവാശ്ശേരി ക്ഷേത്രത്തിൽ മേൽശാന്തിയായെത്തിയത്. കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബു ഭാര്യ സരിതയുടെ കുഞ്ഞിതൈയിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എന്നാൽ തിങ്കളാഴ്ച രാത്രി സാബു മാത്രം അടുവാശ്ശേരിയിലെ വീട്ടിലേക്ക് പോരുകയും ചൊവ്വാഴ്ച പുലർച്ചെ പൂജക്ക് പോകാൻ വിളിച്ചുണർത്തണമെന്ന് മകൻ അഭിഷേകിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്രകാരം ചൊവ്വാഴ്ച പുലർച്ചെ മകൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് 5.30ഓടെ സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാർത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോൾ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം തിരിച്ചു വാങ്ങി ലോക്കറിൽ സൂക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൂജാരിയോട് ആഭരണം തിരികെ തരാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേൽപ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം. ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരി, ദേവിയെ ചാർത്തിയ തിരുവാഭരണത്തിൽ നിറം മങ്ങിയത് കണ്ട് സംശയം തോന്നി കമ്മിറ്റിക്കാരെ അറിയിക്കുകയായിരുന്നു. അപ്രകാരം ആഭരണം ആവശ്യപ്പെട്ടപ്പോൾ സാബു പല തടസങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നുമാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്.

ഒരാഴ്ചയോളമായി തിരുവാഭരണം തിരിച്ചുവാങ്ങാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. പെട്ടിയുടെ താക്കോലും സാബുവിൻ്റെ കൈവശമാണ് സൂക്ഷിച്ചിരുന്നത്. സാബു കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിമാസം 10000 രൂപയായിരുന്നു ശമ്പളം. ശമ്പള ഇനത്തിൽ 1.40 ലക്ഷത്തിലേറെ കുടിശികയുണ്ടായിരുന്നു. എന്നാൽ തിരുവാഭരണം തിരിച്ചുനൽകുമ്പോൾ ശമ്പള കുടിശികയും തീർക്കാമെന്നാണ് പറഞ്ഞിരുന്നത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K