09 December, 2023 07:43:32 PM
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് നടത്തി. നാലരമണിക്കൂർ നീണ്ട തെളിവെടുപ്പിൽ സംഭവ ദിവസത്തെ പ്രതികളുടെ പ്രവർത്തികൾ പുനരാവിഷ്കരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്കരിച്ചത്. വീട്ടിൽ നിന്ന് ബാങ്കിലെ രേഖകൾ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫോറൻസിക് പരിശോധനയുൾപ്പടെയുള്ള തെളിവെടുപ്പിനാണ് പ്രതികളെ എത്തിച്ചത്. ഫോറൻസിക് വിദഗ്ധർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.