09 December, 2023 07:56:15 PM
ശമ്പളം തരുന്നത് സിപിഎം അല്ല; നവകേരള സദസിനില്ലെന്ന് സ്‌കൂൾ ബസ് ഡ്രൈവർ
കൊച്ചി : വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. സ്‌കൂൾ ബസുമായി വരാൻ ആവശ്യപ്പെട്ട സിപിഎം മെമ്പർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഡൈവ്രർ. എറണാകുളം ജില്ലയിലെ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ഇന്ന് നടക്കേണ്ട നവകേരള സദസിന് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടെ കൊണ്ടുപോകുന്നതിനായി പഞ്ചായത്തിലെ സംഘാടക സമിതി ഏർപ്പാടാക്കിയ ബസുകളിൽ സ്‌കൂൾ ബസുമുണ്ടായിരുന്നു.
കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളിലെ 8 ബസുകളും ഇതിൽ ഉൾപ്പെടും. നവകേരള സദസിന് വേണ്ടി ബസുമായി എത്താൻ പഞ്ചായത്തംഗം ആജ്ഞാപിക്കുകയായിരുന്നു. സംഘാടക സമിതി ചെയർമാനും പഞ്ചായത്തംഗവുമായ വി ജോയിക്കുട്ടി സ്‌കൂൾ ബസ് ഡ്രൈവറായ എം സി ബേബിയെ വിളിച്ചതോടെയാണ് നവകേരള സദസ് വീണ്ടും വിവാദത്തിലായത്. ഇതിന്റെ കോൾ റെക്കോർഡ് പുറത്തുവന്നത്തോടെ നാണക്കേടിന്റെ വക്കിലാണ്് സിപിഎം.
നവകേരള സദസുമായി ബന്ധപ്പെട്ട് 8 ബസുകൾ സ്‌കൂളിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും ബസുമായി വൈകിട്ട് 4 മണിക്ക് പഞ്ചായത്തിന് മുന്നിൽ വരണമെന്നും മെമ്പർ ജോയി ബേബിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ബേബി ഇതിന് വിസമ്മതിച്ചു. ബസ് കുട്ടികൾക്കുള്ളതാണെന്നും താൻ വരില്ലെന്നും അറിയിച്ചു. സകൂൾ അധികൃതരാണ് ബസ് വിട്ടുതന്നതെന്നായിരുന്നു ജോയിയുടെ വാദം. തനിക്ക് ശമ്പളം തരുന്നത് സ്‌കൂളിൽ നിന്നാണ്. അല്ലാതെ സിപിഎം അല്ല. സ്‌കൂളിന് അനുവദിച്ചതാണെങ്കിൽ സ്‌കൂൾ നിന്ന് പറയണം. എന്റെ പണി പോയാലും വരില്ലെന്ന് ബേബി പറഞ്ഞതൊടെ സിപിഎം മെമ്പർ ഫോൺ വയ്‌ക്കുകയായിരുന്നു.