10 December, 2023 11:40:06 AM
ട്രെയിനിറങ്ങിയത് 16 കിലോ കഞ്ചാവുമായി: കോഴിക്കോട് 3 ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ച 16 കിലോ കഞ്ചാവുസഹിതം ഒഡിഷ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. നയാഘറിലെ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40), കൃഷ്ണ ചന്ദ്രബാരിക് (50) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മാങ്കാവ് തലക്കുളങ്ങര യു.പി സ്കൂളിനടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുകയാണ് പതിവ്. പുലർച്ചെ കോഴിക്കോട് സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്കു പോകവെ സംശയം തോന്നി പൊലീസ് മാങ്കാവിൽ തടഞ്ഞുനിർത്തി ചോദിച്ചപ്പോഴാണ് കഞ്ചാവാണ് ബാഗിലെന്ന് വ്യക്തമായത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മറവിലുള്ള ലഹരിവിൽപന ലക്ഷ്യംവെച്ച് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്.
വിപണിയിൽ ലക്ഷക്കണക്കിന് രൂപ ഇതിന് വിലവരും. കസബ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, എസ്.ഐമാരായ ജഗമോഹൻ ദത്തൻ, ഒ.കെ. രാംദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, ഹോംഗാർഡ് സുരേഷ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, ആൻറി നാർകോട്ടിക് ഷാഡോ വിങ്ങിലെ സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബ്നു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.