12 December, 2023 10:53:09 AM
ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയത്. സുരക്ഷാ വീഴ്ച്ചയില്‍ ഡിസിപി അന്വേഷണം നടത്തും.
ഗവര്‍ണറുടെ വഴി തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട്, പേട്ട, വഞ്ചിയൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 19 പേരെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തലസ്ഥാനത്ത് മൂന്നിടങ്ങളിലാണ് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍വ്വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധം.