19 March, 2024 03:47:14 PM
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പതഞ്ജലി ആയുര്‍വേദിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ബാബാ രാംദേവിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസും നല്‍കിയിട്ടുണ്ട്.
നേരത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും കേസില്‍ മറുപടി ഫയല്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അമാനുല്ലയുടെയും ബെഞ്ചിന്റെ നടപടി. ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പുറമെ കോടതിയലക്ഷ്യത്തിന് പ്രോസിക്യൂട്ട് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. പതഞ്ജലി ആയുര്‍വേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.
കോടതിയലക്ഷ്യ നോട്ടീസില്‍ ഇതുവരെ മറുപടി ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ബാബ രാംദേവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയോട് വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ബാബാ രാംദേവിനെ കേസില്‍ കക്ഷിയാക്കരുതെന്ന റോത്തഗിയുടെ ആവശ്യം കോടതി നിരസിച്ചു. എല്ലാ പരസ്യത്തിലും അദ്ദേഹം ഉണ്ടായിരുന്നു, അദ്ദേഹം ഒരു വാര്‍ത്താസമ്മേളനവും നടത്തി എന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം. കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാന്‍ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി.