22 March, 2024 11:25:22 AM
കെജ്‌രിവാളിന്‍റെ ജീവന് ഭീഷണി; അറസ്റ്റിൽ ആരോപണവുമായി എഎപി മന്ത്രിമാർ
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ ജീവന് ഭീഷണിയെന്ന് ആരോപണവുമായി ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. കെജ്‌രിവാളിനെതിരെ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസർക്കാർ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നുവെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.
അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നും കെജ്‌രിവാളിനോട് ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആം ആദ്മി പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത്? ആംആദ്മി പാർട്ടി ഓഫീസ് ഒരു പട്ടാളക്യാമ്പ് പോലെയായി മാറ്റി. മെട്രോ സ്റ്റേഷൻ വരെ അടച്ചുവെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാണിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബം വീട്ടുതടങ്കലിലെന്ന് ഡല്‍ഹി മന്ത്രി ഗോപാൽ റായി ആരോപിച്ചു. കുടുംബത്തെ കാണുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.
അരവിന്ദ് കെജ്‌രിവാൾ ഒരു മുഖ്യമന്ത്രി മാത്രമല്ല, വലിയ ആശയമാണെന്ന് മന്ത്രി അതിഷി മർലേന വ്യക്തമാക്കി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിന് ഇ ഡി കസ്റ്റഡിയിൽ ആര് സുരക്ഷയൊരുക്കുമെന്നും അതിഷി ചോദിച്ചു.