26 March, 2024 06:33:32 PM


ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍



ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌ ആശങ്കയുണ്ട്.ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും കെജ്രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. ഇ.ഡി. കസ്റ്റഡിയില്‍ തുടരവേ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച കെജ്രിവാള്‍ നിര്‍ദേശം നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഉത്തരവ് എങ്ങനെ നല്‍കിയെന്നതില്‍ ഇ.ഡി. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു നിര്‍ദേശം കെജ്രിവാള്‍ ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K