28 March, 2024 04:39:45 PM


കെജ്രിവാളിന് ആശ്വാസം; മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി



ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുര്‍ജിത് സിങ് യാദവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഇതോടെ കെജ്രിവാളിന് മുഖ്യമന്ത്രി പദത്തില്‍ തുടരാനാകും.

സാമ്പത്തിക അഴിമതിക്കേസില്‍ കുറ്റാരോപിതനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു സുര്‍ജിത് സിങ് യാദവെന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ ആവശ്യം. കെജ്രിവാള്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമനടപടികളെ തടസപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കും കാരണമാകുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരുന്നതിന് നിയമതടസമൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

മാര്‍ച്ച് 21ന് ഇ ഡി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ വിചാരണ കോടതി ആറുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കസ്റ്റഡി നീട്ടിനല്‍കണമെന്ന് ഇ ഡി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയുടെ ഇടപെടലിന്റെ സാഹചര്യമൊന്നുമില്ലല്ലോ എന്ന് ചോദിച്ച കോടതി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിഷയം പരിശോധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ കോടതിയുടെ ഇടപെടേണ്ട കാര്യമില്ല. ഭരണഘടനാപരമായ വീഴ്ച ഉണ്ടെങ്കില്‍ രാഷ്ട്രപതിയെ ഗവര്‍ണറോ നടപടി സ്വീകരിക്കും. അതിന് സമയമെടുത്താലും അവര്‍ തീരുമാനമെടുക്കും. കൂടാതെ തങ്ങള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K