01 April, 2024 10:22:53 AM
വടക്കന്‍ ബംഗാളില്‍ ചുഴലിക്കാറ്റ്: അഞ്ച് പേര്‍ മരിച്ചു; 100 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മിക്കവരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്നലെയാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മുഖ്യമന്ത്രി മമത ബാനര്‍ജി ചുഴലിക്കാറ്റ് ബാധിതരെ സന്ദര്‍ശിച്ച് സഹായം ഉറപ്പ് നല്‍കി. അടിയന്തര സഹായം എത്തിക്കാന്‍ ജില്ല ഭരണകൂടത്തിന് നിർദേശം നല്‍കി. ദുരിതബാധിത പ്രദേശങ്ങള്‍ ഗവര്‍ണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് സന്ദര്‍ശിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ചു.