04 April, 2024 04:58:38 PM


മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാളിന് തീരുമാനിക്കാം- ഡല്‍ഹി ഹൈക്കോടതി



ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കട്ടേയെന്ന് ഡല്‍ഹി ഹൈക്കോടതി. കെജ്രിവാള്‍ ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡല്‍ഹി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിേവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. സമാന ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ എന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം ദേശീയ താല്‍പര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടത് ലഫ് ഗവര്‍ണറാണ്. പ്രതിസന്ധിയുണ്ടെങ്കില്‍ ഇടപെടാനുള്ള നിയമപരമായ അധികാരം ലഫ് ഗവര്‍ണറുടേതാണ്. അതിനാല്‍ കോടതി ഇടപെടുന്നില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതിനിടെ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെജ്രവാള്‍ നിര്‍ദ്ദേശം നല്കി. ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ഭാര്യ സുനിത കെജ്രവാളിന് നല്‍കിയ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ എഎപി എംപി സഞ്ജയ് സിംഗ് പാര്‍ട്ടി പരിപാടികളില്‍ സജീവമാകുകയാണ്. സഞ്ജയ് സിംഗിനെതിരായ ബിജെപി നടപടി തിരിച്ചടിച്ചുവെന്ന പ്രചാരണത്തിനാണ് എഎപി മുന്‍തൂക്കം നല്‍കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K