01 December, 2023 12:21:15 PM
ഇസ്രയേല്‍ സ്വദേശിനിയുടെ മരണം: ആത്മഹത്യാ ശ്രമമെന്ന് ഭര്‍ത്താവ്; ദുരൂഹത ബാക്കി
കൊല്ലം: കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയായ യുവതിയെ മലയാളിയായ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. കൊട്ടിയത്തിന് സമീപമുള്ള ഡീസന്‍റ് മുക്കില്‍ കഴിഞ്ഞ ദിവസമാണ് കൃഷ്ണചന്ദ്രൻ(75) ഭാര്യ രാധ എന്ന് വിളിക്കുന്ന സ്വത്‍വ(36)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച കൃഷ്ണചന്ദ്രൻ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്താല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
16 വര്‍ഷമായി കൃഷ്ണചന്ദ്രനും സ്വത്‍വയും ഒരുമിച്ചാണ് താമസം. ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യയായിരുന്നു സ്വത്‍വ. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഒരു വര്‍ഷം മുൻപാണ് കേരളത്തിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇവരെന്ന് കൃഷ്ണചന്ദ്രൻ മൊഴി നല്‍കി.
ഉത്തരാഖണ്ഡില്‍ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ ഒരു വര്‍ഷം മുമ്ബാണ് യുവതിയുമായി കൊട്ടിയത്ത് എത്തിയത്. ആയുര്‍വേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു കൃഷ്ണചന്ദ്രൻ എല്ലാവരോടും പറഞ്ഞിരുന്നത്. ബന്ധുവിൻറെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ബന്ധു കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ വീട്ടില്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ സ്വത്‍വയെ കാണുന്നത്.
ഇന്നലെ വൈകിട്ട് 3.30ന് ഡീസന്റ് ജംക്‌ഷനിലെ കോടാലിമുക്കിന് സമീപത്തെ റേഷൻ കടയ്ക്ക് എതിര്‍വശത്തുള്ള തിരുവാതിര എന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃ സഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്.
ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധു വീട്ടില്‍ പോയി മടങ്ങിയെത്തി കോളിങ് ബെല്‍ ഒട്ടേറെ തവണ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വീടിന്റെ പിറകിലെ വാതില്‍ തുറന്നു അകത്തു കയറി. കൃഷ്ണചന്ദ്രനും സ്വത്‍വയും കിടക്കുന്ന മുറിയിലെ കതകിനു തട്ടി. ഏറെ നേരം തട്ടിയതിനെ തുടര്‍ന്ന് കൃഷ്ണചന്ദ്രൻ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോള്‍ സ്വത്‍വ കഴുത്തിന് മുറിവേറ്റ് കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ചപ്പോള്‍ ബിന്ദുവിന്റെ മുന്നില്‍ വച്ചു തന്നെ കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം കുത്തി മുറിവേല്‍പ്പിച്ചതായാണ് പറയപ്പെടുന്നത്.
തുടര്‍ന്നു ബിന്ദു അയല്‍വാസികളെയും നാട്ടുകാരെയും വിളിച്ചു കതകു ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കഴുത്തിന് മുറിവേറ്റു കിടക്കുന്ന സ്വത്‍വയ്ക്കു സമീപത്ത് കൃഷ്ണചന്ദ്രനെയും അവശ നിലയില്‍ കിടക്കുന്നതാണു കണ്ടത്. നാട്ടുകാര്‍ ഉടൻ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. കൃഷ്ണചന്ദ്രനെ നാട്ടുകാരും സ്വത്‍വയെ പൊലീസുമാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സ്വത്‍വ അപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസെത്തി സ്വത്‍വയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള കൃഷ്ണചന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. എന്താണ് കൊലപാതകത്തിലേക്ക് എത്തിയതിന് കാരണം പൊലീസിന് വ്യക്തതയില്ല. കൃഷ്ണചന്ദ്രൻറെ ആരോഗ്യനില മെച്ചപ്പെട്ട് ചോദ്യം ചെയ്താല്‍ മാത്രമേ ദുരൂഹത മറനീക്കാനാവൂ.