15 December, 2023 07:57:53 PM


ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല; കേസ് അവസാനിപ്പിച്ച്‌ ഹൈക്കോടതി



കൊച്ചി: ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലില്‍ അല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കോടതി നടപടി. ഹാദിയ അമ്മയുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം പുനര്‍വിവാഹം ചെയ്‌തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവര്‍ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

എന്നാല്‍ ഹാദിയ തടങ്കലിലല്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് കുടുംബവുമായി ജീവിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല അമ്മയുമായി ഹാദിയ ഫോണില്‍ സംസാരിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഫോണ്‍വിളി വിശദാംശത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി.

ഹാദിയയുടെ മൊഴിയില്‍ തന്റെ സ്വകാര്യത തകര്‍ക്കാനാണ് ഹര്‍ജിയെന്നും ആരോപിച്ചിട്ടുണ്ട്. ഹര്‍ജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ബോധ്യമായി കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നേരത്തെ നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ആദ്യ വിവാഹം ശരിവെച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K