15 December, 2023 09:57:32 PM
ഇന്ത്യയിലെ കോടതികളില്‍ കെട്ടി കിടക്കുന്നത് 5 കോടിയിലേറെ കേസുകൾ
ന്യൂഡൽഹി : രാജ്യത്തെ വിവിധ കോടതികളിലായി അഞ്ച് കോടിയിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നതെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. കൃത്യമായി പറഞ്ഞാല്‍ 5,08,85,856 കേസുകള്‍.
ഇതില്‍ സുപ്രീം കോടതിയില്‍ മാത്രം 80,000ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഹൈക്കോടതിതലത്തില്‍ 61 ലക്ഷം കേസുകളും ബാക്കി വരുന്ന 4.46 കോടി കേസുകള്‍ ജില്ലാ കോടതി മുതലുള്ള കീഴ്‌ക്കോടതികളിലുമാണ് പരിഗണനയിലുള്ളത്. വിവിധ കോടതികളിലായി രാജ്യത്താകെയുള്ളത് 26,568 ജഡ്ജിമാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയില്‍ ഇത് 34 ജഡ്ജിമാരും ഹൈക്കോടതിയില്‍ 1,114 ജഡ്ജിമാരുമാണുള്ളത്. 25,420 ജഡ്ജിമാരാണ് ജില്ലാ, കീഴ്ക്കോടതികളിലെ ആകെ അംഗസംഖ്യയെന്നും മന്ത്രി വ്യക്തമാക്കി.