19 November, 2024 02:48:15 PM
ഉഡുപ്പിയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു
മംഗലാപുരം: കർണാടക ഉഡുപ്പി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും കൂടെ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഉഡുപ്പി - ചിക്കമഗളൂരു മേഖലയിൽ ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡയും, മറ്റൊരു നേതാവ് സുന്ദരിയും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കർണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. അട്ടപ്പാടി, നിലമ്പൂർ, വയനാട് വനമേഖലയിൽ സജീവമായിരുന്നു ഇയാൾ. നിലവിൽ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്സൽ ഫോഴ്സുമായി വെടിവെപ്പുണ്ടായത്. ഹെബ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. കോപ്പ താലൂക്കിലെ കാടെഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് മൂന്നു തോക്കുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ദൗത്യ സേന മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയത്.