09 October, 2024 09:27:27 AM


തിരുപ്പൂരിൽ പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറി; പിഞ്ചുകുഞ്ഞുൾപ്പെടെ 3 പേര്‍ മരിച്ചു



തിരുപ്പൂര്‍: പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. തിരുപ്പൂർ പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. കണ്ണൻ എന്ന കുമാർ (23), 9 മാസം പ്രായമായ ആലിയാ ഷെറിൻ, തിരിച്ചറിയാത്ത ഒരു യുവതി എന്നിവരാണു മരിച്ചത്.

വീട്ടുടമ കാർത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുയാണ്. ഇയാളുടെ കട അധികൃതർ അടച്ചുപൂട്ടിയതോടെ കുറച്ചു മാസങ്ങളായി കാർത്തിയുടെ വീട്ടിലാണ് അനധികൃതമായി പടക്കനിർമാണം നടത്തിയിരുന്നത്. ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനാൽ കൂടുതൽ പടക്ക നിർമാണ സാമ​ഗ്രികൾ വീട്ടിലുണ്ടായിരുന്നു. ഇതാണ് ആഘാതം കൂട്ടിയത്.

സ്ഫോടനത്തിൽ കാർത്തിയുടെ വീടിന്റെ മുൻഭാ​ഗം പൂർണമായി തകർന്ന നിലയിലാണ്. കൂടാതെ അടുത്തുള്ള മറ്റ് വീടുകൾക്കും നാശനഷ്ടമുണ്ടായി. അപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരം ചിന്നച്ചിതറിയ നിലയിലാണ്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കണ്ണനെ (23) കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പടക്ക നിർമാണ തൊഴിലാളികളാണ്.

സ്‌ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞാണ് കൊല്ലപ്പെട്ട ആലിയ. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഫോടനത്തിൽ 14പേർക്കാണ് പരിക്കേറ്റത്. ഇതിൽ ആറു പേർ കുട്ടികളാണ്. സ്ഫോടനം നടക്കുമ്പോൾ തെരുവിൽ കളിക്കുകയായിരുന്നു കുട്ടികൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934