15 October, 2024 05:16:08 PM
ബാബാ സിദ്ദിഖിയുടെ കൊലപാതകം; നാലാം പ്രതി അറസ്റ്റില്‍
മുംബൈ: എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ നാലാം പ്രതിയെയും അറസ്റ്റ് ചെയ്ത് മുംബൈ ക്രൈം ബ്രാഞ്ച്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നുമാണ് ഹരിശ് കുമാര്‍ ബാലാക്രം (23) അറസ്റ്റിലായത്. കൊലപാതകത്തിന് വേണ്ടി പണവും മറ്റ് ക്രമീകരണങ്ങളും നല്‍കി സഹായിച്ചുവെന്ന കുറ്റത്തിനാണ് ഹരിശ്കുമാര്‍ അറസ്റ്റിലായിരിക്കുന്നത്. പൂനെയില്‍ ആക്രിക്കടയില്‍ ജോലി ചെയ്യുന്ന ഹരിശ്കുമാര്‍ ഗൂഡാലോചനയിലും ഭാഗമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കേസിലെ രണ്ട് പ്രതികളായ ധര്‍മരാജും ശിവപ്രസാദ് ഗൗതമും ഹരിശ് കുമാറിന്റെ കടയില്‍ ജോലി ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് ശിവപ്രസാദിനും ധര്‍മരാജിനും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ഹരിശ് കുമാറാണ്. കൊലപാതകത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇയാള്‍ക്കറിയാമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ധര്‍മരാജിനെയും മറ്റ് പ്രതികളായ ഗുര്‍മെയില്‍ ബല്‍ദിജ് സിങ്ങിനെയും പ്രവീണ്‍ ലോങ്കറിനെയും നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശിവപ്രസാദ് ഇപ്പോഴും ഒളിവിലാണ്.
അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി ഗുണ്ടാ സംഘം ഏറ്റെടുത്തിരുന്നു. തങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലുള്ളവരാണെന്ന് സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലാണ് മൂന്ന് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്.