12 October, 2024 03:31:25 PM
ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
ജയ്പൂര്‍: ഉദയ്പൂരില്‍ ഭീതി പടര്‍ത്തിയിരുന്ന നരഭോജിപ്പുലി ചത്ത നിലയില്‍. പുലിയുടെ മുഖത്ത് വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ മഴുകൊണ്ടോ ആക്രമിച്ചതാണെന്നാണ് സൂചന. കമോല്‍ ഗ്രാമത്തിലെ ഗോഗുണ്ടയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കര്‍ഷകനായ ദേവറാമിന്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. ദേവറാമിനെ പുലി ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. 55 കാരനായ ദേവറാമിന്റെ വീട്ടില്‍ കയറിയ പുലി ആദ്യം പശുക്കളെയും പിന്നീട് ദേവറാമിനേയും ആക്രമിച്ചു. കുടുംബത്തിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട് പുലി ദേവറാമിനെ നിലത്ത് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി മറയുകയായിരുന്നു.
ആയുധങ്ങളുമായി നാട്ടുകാര്‍ പുലിയെ പിന്തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി ഉദയ്പൂരിലെ ഗോഗുണ്ട, ഝദോല്‍ മേഖലകളില്‍ നരഭോജിയായ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. പ്രദേശത്ത് എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലിയെ കണ്ടാല്‍ വെടിവെയ്ക്കാനുള്ള അനുവാദം നല്‍കി ഉത്തരവിറക്കിയിരുന്നു.