12 November, 2024 02:10:15 PM


ക്ലാസിൽ സംസാരിച്ചു; വിദ്യാർഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ച് പ്രധാനാധ്യാപിക



ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ച് സ്കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളോടായിരുന്നു അധ്യാപികയുടെ ഈ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ കളക്ടർക്ക് പരാതി നൽകി. തഞ്ചാവൂരിലെ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

ക്ലാസ് റൂമിൽ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചത്. നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽ നിന്ന് രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികൾക്ക് ശ്വാസ ‌തടസവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്.

കുട്ടികളുടെ ചിത്രങ്ങൾ സ്കൂളിലെ ഒരു അധ്യാപികയാണ് മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം സംഭവം വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും നിഷേധിച്ചു. ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K