14 November, 2024 01:49:53 PM


ബോംബ് ഭീഷണി; നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി



റായ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് നാഗ്പൂര്‍ - കൊല്‍ക്കത്ത വിമാനം അടിയന്തരമായി റായ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കരുമായി കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് അടിയന്തരമായി ചത്തീസ്ഗഡിലെ റായ്പൂരില്‍ ഇറക്കിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മുംബൈ വിമാനത്തവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ റായ്പൂരില്‍ അടിയന്തരമായി ഇറക്കുകയായിരുന്നെന്ന് റായ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. രാവിലെ ഒന്‍പതുമണിയോടെയാണ് വിമാനം റായ്പൂരില്‍ ഇറക്കിയത്. ടെക്‌നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായ പരിശോധന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ബോംബുമായി യാത്രക്കാരന്‍ അകത്ത് കടന്നിട്ടുണ്ടെന്ന ഫോണ്‍ സന്ദേശമാണ് ലഭിച്ചത്. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. മുംബൈയില്‍ നിന്ന് അസര്‍ബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരന്റെ കൈവശം ബോംബുണ്ടെന്നായിരുന്നു സന്ദേശം. ഫോണ്‍ വിളിച്ചയാള്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയില്ല.

പിന്നാലെ സിഐഎസ്എഫ് പോലീസിനെ വിവരമറിയിക്കുകയും വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്താകമാനം നൂറുകണക്കിനു വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഏറെയും ഭീഷണി സന്ദേശങ്ങള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919