19 April, 2024 12:26:20 PM


കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍



കുളത്തൂപ്പുഴ : കുടുംബവഴക്കിനെ തുടർന്നുള്ള സംഘർഷത്തിൽ പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി പൂമ്പാറ ബ്ലോക്ക് നമ്പർ-34ൽ രാധാകൃഷ്ണനും മകൻ ജിഷ്ണുവിനുമാണ്‌ പരിക്കേറ്റത്. ഭാര്യയും മകനുമായി മുമ്പുണ്ടായ വഴക്കിനെത്തുടർന്ന് ഏറെനാളായി രാധാകൃഷ്ണൻ കുടുംബവുമായി പിണക്കത്തിലായിരുന്നു. ആഴ്ചകൾക്കുമുൻപ്‌ മകളുടെ വിവാഹത്തെ തുടർന്നാണ് വീട്ടിൽ താമസിക്കാനെത്തിയത്. ഇതിനിടെ കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.

കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെത്തിച്ച ഇരുവരെയും പ്രാഥമികശുശ്രൂഷ നൽകി. തുടർന്ന് തലയ്ക്കു പരിക്കേറ്റ ജിഷ്ണുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും കൈക്ക്‌ പരിക്കേറ്റ രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. മുമ്പും പലതവണ മകൻ പിതാവിനെ ആക്രമിച്ചിട്ടുള്ളതായും കുളത്തൂപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. സംഘർഷത്തിനിടെ പിടിച്ചുമാറ്റാനെത്തിയ തന്നെ കൈക്ക് മുറിവേൽപ്പിച്ചെന്നുകാട്ടി സമീപവാസി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K