01 December, 2023 01:05:41 PM
പ്രതികൾ കയറിയ ഓട്ടോ അതു തന്നെ; പേടിച്ചാണ് പറയാതിരുന്നതെന്ന് ഡ്രൈവർ
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത ഓട്ടോ തന്നെയാണെന്ന് സ്ഥിരീകരണം. കേസിലെ പ്രതികൾ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവർ മൊഴി നൽകി. എന്നാൽ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.
നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കുളമടയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്. ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്.
സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.