18 December, 2023 09:03:04 AM


തമിഴ്നാട്ടിൽ കനത്ത മഴ; റോഡുകൾ വെളളപ്പൊക്കത്തിൽ മുങ്ങി



ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ റെഡ് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേർട്ടുളള ജില്ലകളിൽ സ്കൂളുകൾ, കോളേജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചു.

കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകൾ മുങ്ങി. കനത്ത മഴയെ തുടർന്ന് ജില്ലകളിൽ 250 സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. തിരുനെൽവേലി ജില്ലയിൽ 19 ക്യാമ്പുകൾ തുറന്നു. തിരുനെൽവേലിയിൽ നിന്ന് ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സർക്കാർ മന്ത്രിമാരെ ദുരിതബാധിത ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. നാല് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അനുബന്ധ ജോലികൾക്കായി മറ്റ് നാല് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K