18 December, 2023 12:20:10 PM


ഗവർണക്കെതിരെ പ്രതിഷേധവുമായി സർവ്വകലാശാല അധ്യാപകരും ജീവനക്കാരും



കോഴിക്കോട്: ഗവർണർ-എസ്എഫ്ഐ പോരാട്ടം രൂക്ഷമാകുന്നതിനിടെ ഗവർണക്കെതിരെ പ്രതിഷേധവുമായി യൂണിവേഴ്സിറ്റി ജീവനക്കാരും രംഗത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ വിളിച്ച് വരുത്തി അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കരിദിനം ആചരിക്കുന്നത്. എല്ലാ സർവ്വകലാശാലകളിലും അധ്യാപകരും ജീവനക്കാരും കരിദിനം ആചരിക്കുന്നുണ്ട്. 

ചാൻസലർ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നുവെന്ന് ജീവനക്കാർ ആരോപിക്കുന്നു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സർവകലാശാല ജീവനക്കാരും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ അധ്യാപകരുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 10.30ന് ഭരണകാര്യാലയത്തിന് മുന്നിൽ പ്രതിഷേധയോഗം ചേരും. വിസിയെ വിളിച്ച് വരുത്തി ശാസിച്ചതിനെതിരെയാണ് പ്രതിഷേധം.

ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച ഗവർണർ-എസ്എഫ്ഐ ബാനർയുദ്ധം കേരളത്തിലെ ഇതര കാമ്പസുകളിലേയ്ക്കും വ്യാപിക്കുന്നു. ഇന്ന് വൈകിട്ട് ഗവർണർ തലസ്ഥാനത്തേയ്ക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാലയിലും ഗവർണർക്കെതിരെ കറുത്ത ബാനർ ഉയർന്നു. കാലടി ശ്രീശങ്കര കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എസ്എഫ്ഐ പ്രവർത്തകർ ബാനർ ഉയർത്തി. 

'ഞങ്ങൾക്ക് വേണ്ടത് ചാൻസിലറെയാണ്‌ സവർക്കറെയല്ല' എന്നെഴുതിയ ബാനറാണ് മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐ ഉയർത്തിയത് 'മസ്തിഷ്കത്തിന് പകരം മനുസ്മൃതി എങ്കിൽ തെരുവുകൾ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും ' എന്നെഴുതിയ ബാനറാണ് കാലടി ശ്രീശങ്കര കോളേജിൽ ഉയർന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K