30 November, 2023 09:49:57 PM
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണം നഴ്‌സിങ് പരീക്ഷാ തട്ടിപ്പ് സംഘത്തിലേക്കും
നഴ്സുമാരുടെ സംഘടനാ നേതാക്കളും നിരീക്ഷണത്തിൽ
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം വഴിത്തിരിവിൽ. സംഭവത്തില്‍ നഴ്‌സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം വിശദമായി പൊലീസ് അന്വേഷിച്ചുതുടങ്ങി. വിദേശ നഴ്‌സിങ് റിക്രൂട്ട്മെന്‍റും പരീക്ഷാനടത്തിപ്പും അന്വേഷണത്തിന്‍റെ പരിധിയില്‍ ഉൾപ്പെടുത്തിയതായാണ് വിവരം.
വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും കേരളത്തില്‍ രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ട്. ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ അടക്കം റെയ്ഡുകൾ നടത്തിയത്. നഴ്‌സിങ് മേഖലയിലെ സംഘടനാ ഭാരവാഹികളെയും പൊലീസ് ചോദ്യം ചെയ്യും.
നഴ്സിങ് ജോലിക്ക് ലോകമെമ്പാടും നടക്കുന്ന ഒഇടി പരീക്ഷ പല രാജ്യങ്ങളിലും പലസമയത്താണ് നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. ഒഇടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ ഈ പരീക്ഷ എഴുതുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി ലക്ഷം രൂപ വരെയാണ് ഉദ്യോഗാർത്ഥികളില്‍നിന്ന് തട്ടിപ്പ് സംഘം ഈടാക്കുന്നത്.
ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നു കിട്ടുക കേരളത്തിലെ ഏതെങ്കിലും ഒരു സംഘത്തിനായിരിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചില സമയങ്ങളിൽ രണ്ടു കൂട്ടര്‍ക്കും കിട്ടും. ഇനി മറ്റു ചിലപ്പോള്‍ ആര്‍ക്കും കിട്ടുകയുമില്ല. ഒരു കൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്ന സമയത്ത് അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘം നഴ്‌സിങ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ നടത്താറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ഇത്തരത്തിൽ മൂന്നോ നാലോ തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരാതിയായി പൊലീസിന് മുന്നിലേക്ക് വന്നിട്ടില്ല. അതിന് മുമ്പുതന്നെ പണം നല്‍കി ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയായിരുന്നു.