02 December, 2023 08:58:21 AM


ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും



കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.   പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.


പത്മകുമാറും ഭാര്യയും ചേര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മകളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മകള്‍ക്ക് യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതിനാലാണ് മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നത്.


ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോകുന്നതിനിടെ അമ്മയ്‌ക്ക് കൊടുക്കാനെന്ന പേരില്‍ ഒരു കത്ത് കുട്ടിയുടെ സഹോദരന്റെ കയ്യില്‍ കൊടുത്തിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ തിരികെ തരാം, കുട്ടിയെ ഉപദ്രവിക്കില്ല എന്ന ഭീഷണി സന്ദേശമാണ് പേപ്പറില്‍ എഴുതിയിരുന്നത്. സഹോദരൻ ഇത് വാങ്ങാൻ തയ്യാറല്ലാതിരുന്നതോടെ അവിടെ വച്ച്‌ പിടിവലി ഉണ്ടായി. ഇതിനിടെ പേപ്പര്‍ കാറില്‍ തന്നെ വീഴുകയായിരുന്നു. തുടര്‍ന്നാണ് കടയിലെത്തി ഫോണിലൂടെ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം ചോദിച്ചത്.

1993 ബാച്ചില്‍ ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദം നേടിയ ആളാണ് പത്മകുമാര്‍. ശേഷം നിരവധി ബിസിനസുകള്‍ ചെയ്തു. അതിന്റെ കടബാദ്ധ്യതകള്‍ ഉണ്ട്. ലോണ്‍ ആപ്പ് വഴി വരെ പണം എടുത്തിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍‌ഡ് വഴിയും നിരവധി പര്‍ച്ചേസുകള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം വലിയ പ്രതിസന്ധിയിലായതിനാലാണ് കുട്ടിയെ തട്ടിക്കൊൻണ്ടുപോയി ഭീഷണിപ്പെടുദത്താൻ ശ്രമിച്ചത്. വീട്ടുകാര്‍ പൊലീസിനെ അറിയിക്കാതെ പണം നല്‍കുമെന്നത് തന്നെയായിരുന്നു ഇവര്‍ കരുതിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K