22 June, 2024 01:57:30 PM


ടി പി വധം: പ്രതികളുടെ ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം; പ്രതിഷേധം ഇരമ്പുന്നു



തിരുവനന്തപുരം: ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.  ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ ഈ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

അതേസമയം ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെകെ രമ  പറഞ്ഞു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ കൂട്ടിച്ചേർത്തു. 

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാദാകൃഷ്ണനും പ്രതികരിച്ചു. സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള  നടപടിക്ക് എതിരെ  തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന്  ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കിൽ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്. ടി പി വധകേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നിർദ്ദേശിക്കാൻ ജയിൽ ഡിജിപിക്ക് കഴിയില്ല.ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികൾ. ഇത്രയും കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എങ്ങനെ  ഇളവ് നൽകുമെന്ന് അറിയില്ല. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളും പ്രതിസന്ധിയിൽ ആക്കുന്ന നടപടിയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും,നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാൻ ആണ് ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയിൽ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.

ടി പി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തെ കേരളം ഒന്നടങ്കം എതിർക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. നീക്കം ആത്മഹത്യാപരം. വളരെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. കോൺഗ്രസും യു ഡി എഫും നീക്കത്തെ എതിർക്കാൻ മുന്നിലുണ്ടാകുമെന്നും കെ സി വേണുഗോപാൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K