23 June, 2024 12:37:27 PM


കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നു, അതിനാല്‍ തോല്‍പ്പിച്ചു- പി ജയരാജന്‍



തിരുവനന്തപുരം: കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് അവരെ ഒതുക്കുന്നതിന് വേണ്ടിയാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായെന്നും പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിച്ചു. വടകരയില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മുരളീധരനെതിരെ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ പി ജയരാജന് ലഭിച്ച വോട്ടിനെക്കാള്‍ കുറവാണ് ഇത്തവണ കെ കെ ശൈലജയ്ക്ക് ലഭിച്ചത്.

'ഭാവിയില്‍ കെകെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങള്‍ക്കും അത്തരമൊരു ആഗ്രഹമുണ്ട്. കെ കെ ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയയ്ക്കാതെ സംസ്ഥാനത്തു തന്നെ നിര്‍ത്താനുള്ള വടകരക്കാരുടെ ആഗ്രഹമാണ് തോല്‍വിയുടെ ഘടകമെന്നായിരുന്നു പി ജയരാജന്റെ വിമര്‍ശനം. സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും തോല്‍വിക്ക് കാരണമായെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു. വേര്‍തിരിവില്ലാതെ എല്ലാവിഭാഗത്തിന്റെയും വോട്ടുചോര്‍ന്നു. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുള്ള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിയായെന്നും സംസ്ഥാനസമിതി വിലയിരുത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K