26 December, 2023 10:13:22 AM
ഐപിസിയും സിആര്‍പിസിയും ഇനിയില്ല; ക്രിമിനല്‍ നിയമ പരിഷ്ക്കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡൽഹി: ക്രിമിനൽ നിയമ പരിഷ്ക്കാരങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ അംഗീകാരം. ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ പാർലമെന്റ് പാസാക്കിയിരുന്നു. പോസ്റ്റ് ഓഫീസ് ബില്ലിനും ടെലികോം ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി.
ക്രിമിനൽ നിയമ പരിഷ്ക്കരണത്തിനായി 3 ബില്ലുകൾ കഴിഞ്ഞ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലാണ് പാസാക്കിയത്. കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. ബിൽ പാസാക്കിയ സമയം പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ഉണ്ടായിരുന്നില്ല. സസ്‌പെൻഷന തുടർന്ന് ഇൻഡ്യ സഖ്യകക്ഷികള്‍ പാർലമെന്റിന് പുറത്തായ സമയത്താണ് ബില്ലുകൾ പാസാക്കിയത്.
ഓഗസ്റ്റ് 11-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്നിത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. തുടർന്ന്, നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമർപ്പിക്കുകയും പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിൻവലിക്കുകയും ചെയ്തു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭ പാസാക്കിയത്.