09 July, 2024 01:00:11 PM


ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്



തിരുവനന്തപുരം: ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ജീപ്പ് ഉടമയുടെ ആര്‍സി ബുക്ക് റദ്ദാക്കാന്‍ ശുപാര്‍ശ. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് ഇതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ഈടാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന്റെ അന്വേഷണ ചുമതല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് നല്‍കി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടര്‍ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎല്‍ പത്ത് ബി 3724 രജിസ്‌ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവില്‍ പിടികൂടിയപ്പോള്‍ പിഴയിട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K