11 July, 2024 03:15:13 PM
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അധികബാച്ചുകള്‍ അനുവദിച്ചു; മലപ്പുറത്ത് 120, കാസര്‍കോട് 18
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്ത് സ്‌കൂളുകള്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചിട്ടുണ്ട്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി റിപ്പോർട്ട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.