15 July, 2024 12:16:49 PM


പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ



കണ്ണൂർ : കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ അറിയിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലേക്ക് എ ആർ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പിൽ തൻറെ സ്വന്തം കാറിലാണ് എത്തിയിരുന്നത്.2100 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു.ഫുൾടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നൽകി.ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോൾ വണ്ടിയിൽ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാൾ നൽകിയതെന്ന് പമ്പിലെ ജീവനക്കാരനായ  അനിൽ കുമാർ പറയുന്നു. 

കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അനിൽകുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിൻറെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്.കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K