08 April, 2025 06:44:50 PM
ബേഡകത്ത് യുവതിയെ കടയിൽ കയറി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയിൽ

കാസർകോട്: കാസർകോട് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്നു ആക്രമണം.
രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്.